22 Apr 2007

ഗന്ധര്‍വന്റെ പ്രയാണം


സൂര്യന്റെ പ്രകാശമോ,ചന്ദ്രന്റെ നിലാവിനോ
ഇനി നീ അനുഭവിക്കില്ല,നിന്റെ രാവുകള്‍,
നിന്നെ ഇരുട്ടിന്റെ തേരാളിയാക്കും.
സ്നേഹത്തിന്റെ പര്യായം മനസ്സില്‍
‍ചാലിച്ച്, സ്നേഹിക്കാന്‍ പഠിപ്പിച്ചു.
പ്രിയതമയായ മനുഷ്യസ്ത്രീക്കായി
എല്ലാം നഷ്ടപ്പെടുത്തിയ ഗന്ധര്‍വ്വന്‍.
മോഹങ്ങള്‍ മഴയായി പെയ്തു,
മേഘങ്ങളില്‍ പുഷ്പവൃഷ്ടി നടത്തി
ആ ഗന്ധര്‍വ്വന്‍, ഇനിയും വരുമോ?
തിരിച്ചുകിട്ടാത്ത സ്നേഹത്തിന്റെ നൊമ്പരം,
ഭൂതങ്ങളും മനുഷ്യനും,പ്രായവും,സ്ഥലവും
നാടും മേടും, എല്ലാ ഭേതിക്കുന്ന,
നിര്‍ഗളം ഒഴുകുന്ന,നനുത്ത സ്നേഹം.
പ്രായത്തിനും,മതത്തിനും തടയാന്‍ കഴിയാത്ത
നിഷ്ക്കളങ്കസ്നേഹം,ഇനിയും തരുമോ?
ഗാന്ധര്‍വ വൃഷ്ടിക്കായി എത്തുമോ,
രാജരാജേശ്വരന്‍, പത്മത്തിന്‍ തേരില്‍.
സ്നേഹം ഒരോര്‍മ്മയായി,നമുക്കായി മാത്രം.

12 comments:

Sapna Anu B.George said...

ഈ ഗന്ധര്‍വ്വനെ മറന്നോ നമ്മള്‍??

ശാലിനി said...

മറക്കില്ല. ഈ ഗന്ധര്‍വ്വന്റെ സിനിമകളോക്കേയും തന്നെ ഇപ്പോഴും പ്രിയപ്പെട്ടത്. അദ്ദേഹത്തിന്റെ അസിസ്റ്റന്റായിരുന്ന ഇപ്പോഴത്തെ മികച്ച സംവിധായകന്‍ എന്ന് ആളുകള്‍ പുകഴ്ത്തുന്നയാള്‍ക്ക് പത്മരാജന്റെ പ്രതിഭയുടെ അടുത്തുപോലും എത്തുവാന്‍ കഴിയുന്നുമില്ല.

പത്മരാജന്‍ എന്ന എഴുത്തുകാരനേയും ഏറെ ഇഷ്ടം.

ഇങ്ങനെയൊരു പോസ്റ്റിട്ടതിന് നന്ദി.

വല്യമ്മായി said...

മലയാള സിനിമയ്ക്ക് ഇന്നും നികത്താനാകാത്ത ഒരു നഷ്ടം.പോസ്റ്റിലൂടെ ഓര്‍മ്മിപ്പിച്ചതിന് നന്ദി സപ്നേച്ചി.

Rasheed Chalil said...

നികത്താവാനാത്ത ഒരു ഗന്ധര്‍വ്വ നഷ്ടം. ഓര്‍മ്മിപ്പിച്ചതിന് നന്ദി.

വിഷ്ണു പ്രസാദ് said...

എഴുത്ത് മെച്ചപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഞാനൊരു വരി ഇവിടെ വെക്കുന്നു...
വാചാലതയുടെ ദോഷം താങ്കളുടെ രചനകള്‍ അനുഭവിക്കുന്നു.വൈകാരിത അളവില്‍ കൂടിയ രചനകള്‍ എനിക്ക് വായിക്കാന്‍ തോന്നാറില്ല.

Madhavikutty said...

ഗന്ധര്‍വന്‍...പദ്മരാജനല്ലതെ മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത പേര്‍.സ് നേഹത്തിന്റെ ഗന്ധം ശ്വാസത്തില്‍ പോലും പിടിച്ചുനിര്‍ത്തിയ പ്രതിഭ..മറ്റൊന്നും പറയാനില്ല..നന്ദി.

Dinkan-ഡിങ്കന്‍ said...

ഇയളുടെ ചില സിനിമകള്‍ ഡിങ്കനെ ഇപ്പോളും കൊന്നു കൊണ്ടിരിക്കുന്നു. മൂന്നാംപക്കം,നമുക്ക് പാര്‍ക്കാന്‍.., ദേശാടനക്കിളി..,ഞാന്‍ ഗന്ധര്‍വ്വന്‍,തൂവാനതുമ്പികള്‍,കരിയിലക്കാറ്റുപോലെ.

എങ്ങിനെ മരിക്കാനാണിഷ്ടം എന്ന ഒരു കോളേജ് വിദ്യാര്‍ഥിനിയുടേ കുസൃതിചോദ്യത്തിന് മറുപടിയായി”ഞാന്‍ റൊക്കെവ്ല്ലറുടെ മരണം കാംക്ഷിക്കുന്നു” എന്നു പറഞ്ഞവന്‍. അതേ പോലെ മരണം ഗ്രഹിച്ചവന്‍. വല്ലാത്തൊരു ഇന്റ്യൂഷന്‍ ഉള്ള വ്യക്തിത്വം.

സ്വപ്നേച്ചി, ഡിങ്കന്റേയും ആദരാഞ്ജലികള്‍.

*റൊക്ക്ലെല്ലര്‍ മരിച്ചത് സഖിയുമായുള്ള വേഴ്ചക്കിടെ ഓര്‍ഗാസത്തിലായിരുന്നു.

jeej said...

ഡിങ്കന്‍ പറഞ്ഞ സിനിമകളുടെ കൂട്ടത്തില്‍ ഒന്നുകൂടെ 'നവംബറിന്റെ നഷ്ടം' , ഇങ്ങിനൊരു പോസ്റ്റിട്ടതില്‍ സന്തോഷം, ഒരു പാട്ടു പാടാനാണു തോന്നുന്നതു, (ആകാശമാകെ കണിമലര്‍.......)

riyaz ahamed said...

പരുക്കന്‍ പശ്ചാത്തലത്തിലുള്ള പത്മരാജന്റെ ഈ ചിത്രം, ഒരു പത്മരാജന്‍ ഷോട്ടു പോലെ മനോഹരം.

ഉണ്ണിക്കുട്ടന്‍ said...

എന്റെയും പ്രിയപ്പെട്ട സംവിധായകന്‍ ...
മലയാളികള്‍ക്കു മറക്കാനാവുമോ..?

ഡിങ്കന്റെ ലിസ്റ്റിന്റെ കൂടെ:

കൂടെവിടെ
ഒരിടത്തൊരു ഫയല്‍വാന്‍
നൊമ്പരത്തിപ്പൂവ്

എസ്. ജിതേഷ്ജി/S. Jitheshji said...

ശുദ്ധകാല്പനിക സിനിമകളുടെ വസന്തമായിരുന്നു അന്ന്.
തൂവാനത്തുമ്പികളിലെ ക്ലാരയെ ആര്‍ക്കാ മറക്കാനാവുക...
മഴയോടൊപ്പം നടന്നുവരുന്നവള്‍....

Murali K Menon said...

ഇതെനിക്കൊരുപാട് ഇഷ്ടപ്പെട്ടു. ഒരു ബൈബിള്‍ വാക്യം പോലെ മനോഹരമായിരുന്നു പല വരികളും. അപ്പോള്‍ പത്മരാജനു വേണ്ടി എഴുതുമ്പോള്‍ അത് ഒരുപാട് ഒത്തുപോകുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഭാവുകങ്ങള്‍